ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഡിഎംകെ. പാർട്ടി എംപിമാരുടെ യോഗം ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. തമിഴ്നാടിന്റെ നിലവിലുള്ള
സീറ്റ് വിഹിതത്തിന് യാതൊരു കോട്ടവും തട്ടില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ഡിഎംകെയുടെ ഈ നിർണ്ണായക തീരുമാനം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ലോക്സഭാ, രാജ്യസഭാ എംപിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ അറിയിച്ചു. തമിഴ്നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ
ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിലിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ലഭിക്കാത്തതിനെ തുടർന്ന് സർക്കാരിന് മണ്ഡല പുനർനിർണയ ബിൽ പാസാക്കാനായിരുന്നില്ല. അന്ന് 298 എംപിമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച സഭ വീണ്ടും ചേരുമ്പോൾ, ബില്ലിന്റെ പുതുക്കിയ രൂപം പാസാക്കാനാവശ്യമായ അംഗബലം (360 പേരുടെ പിന്തുണ) ബിജെപി ഉറപ്പാക്കിയതായാണ് വിലയിരുത്തൽ.
















