തിരുവനന്തപുരം: അമിതമായ അളവില്‍ മെര്‍ക്കുറി ഉപയോഗിച്ചുള്ള ഫെയര്‍നസ് ക്രീമുകളുടെ ഉപയോഗത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.
മുരളീധരന്. നിരവധി കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മനുഷ്യന്റെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കിട്ടുന്ന പരസ്യമാണ് കുട്ടികള്‍ അടക്കം വാങ്ങാന്‍ കാരണം. വളരെ സീരിയസ് ആയിട്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഫെയര്‍നസ് ക്രീമിന്റെ ഉപയോഗം മൂലം മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം
സ്ഥിരീകരിച്ച വാര്‍ത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ക്രീം ഒരു വര്‍ഷമായി സ്ഥിരമായി ഉപയോഗിച്ച പതിനേഴുകാരിയ്ക്കാണ് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയത്.
മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെണ്‍കുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തില്‍ നീരും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതില്‍ മെര്‍ക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര
ലാബില്‍ ക്രീം പരിശോധനക്ക് അയച്ചു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച്, വലിയ അളവില്‍ മെര്‍ക്കുറി ക്രീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രീം ഉപയോഗിക്കുക വഴി ശരീരത്തില്‍ പ്രവേശിക്കുന്ന മെര്‍ക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം തന്നെ നിലക്കാന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
















