
നാദാപുരം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്. വളണ്ടിയര്‍മാര്‍ ഒരുക്കിയ ‘മൊഹബ്ബത്ത് ബസാര്‍’ തട്ടുകട ശ്രദ്ധേയമായി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയര്‍ത്തിയ ഈ
സംരംഭം കലോത്സവത്തിനെത്തിയവരുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു.
ഷാഫി പറമ്പില്‍ എംപി, കെ.എം. അഭിജിത്ത് എംഎല്‍എ എന്നിവര്‍ എന്‍എസ്എസ് വളണ്ടിയര്‍മാരെയും, പ്രോഗ്രാം ഓഫീസര്‍മാരായ കെ.ദിവ്യ, ബബിത എന്നിവരെയും അഭിനന്ദിച്ചു.
തട്ടുകടയിലൂടെ സമാഹരിച്ച തുക ഉപജീവനമാര്‍ഗത്തിന് പ്രയാസപ്പെടുന്ന ഒരു നിര്‍ധന വ്യക്തിക്ക് കൈമാറും. അദ്ദേഹത്തിന് സ്വയംതൊഴില്‍ ആരംഭിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ ഈ സഹായം പ്രയോജനപ്പെടുത്തുമെന്ന് വളണ്ടിയര്‍മാര്‍ പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയും സഹജീവിസ്നേഹവും ഉയര്‍ത്തിപ്പിടിച്ച സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ഈ സംരംഭം കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉത്തമ മാതൃകയാവുകയാണ്. ചായയും പലഹാരങ്ങളും ഉള്‍പ്പെടെ നിരവധി വിഭവങ്ങളാണ് രാവിലെ മുതല്‍ രാത്രി വരെ വിദ്യാര്‍ഥികള്‍ തട്ടുകടയിലൂടെ വില്‍ക്കുന്നത്.
















