തൃശൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ സംഭവത്തിൽ കർശന
നടപടിയുമായി കൃഷി വകുപ്പ്. പ്രതിയുടെ പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കാൻ കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും, റിപ്പോർട്ട് ലഭിച്ചശേഷം അവാർഡ് തിരിച്ചെടുക്കുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
കേരള സമൂഹത്തോടും കർഷകരോടുമുള്ള വലിയ ധിക്കാരമാണ് ഈ സംഭവമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ തന്നെ എല്ലാ അവാർഡുകളും പുനഃക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില അവാർഡുകൾ ഒഴിവാക്കുകയും മറ്റുചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.
പുരസ്കാര നിർണയത്തിനുള്ള മാനദണ്ഡങ്ങൾ ഇനിമുതൽ കൂടുതൽ കർശനമായി പരിശോ
ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കൃഷി വകുപ്പ് ഡയറക്ടറുമായി സംസാരിച്ചിരുന്നു. മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച വ്യക്തിയുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. അവാർഡ് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
2023-ൽ സംസ്ഥാന സർക്കാരിൻ്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയ ഹരിപ്പാട് പായിപ്പാട് സ്വദേശി ധനേഷ് എസ്. നായർ (31) ആണ് കഴിഞ്ഞ ദിവസം അങ്കമാലിയിൽ പൊലിസിന്റെ പിടിയിലായത്. ലഹരിക്കടത്തുകാർക്കിടയിൽ ‘ഡാനി ഭായ്’ എന്നാണ് ഇയാൾ അറിയ
പ്പെട്ടിരുന്നത്. ജർമനിയിൽ നിന്ന് അഗ്രിബിസിനസിൽ ബിരുദം നേടിയ ഇയാൾ കൃഷിയുടെ മറവിലാണ് വൻതോതിൽ ലഹരിക്കടത്ത് നടത്തിയിരുന്നത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും അന്വേഷണസംഘം പിടിച്ചെടുത്തു.
ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിൽ സ്വന്തമായി വാഴത്തോട്ടവും കൃഷിയിടങ്ങളുമുള്ള ധനേഷ് ഇതിന്റെ മറവിലാണ് വൻതോതിലുള്ള ലഹരിക്കടത്ത് നടത്തിയിരുന്നതെന്ന് പൊലിസ് കണ്ടെത്തി.
















