തിരുവനന്തപുരം: വൈദ്യുതി കരാറിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ, സംസ്ഥാനത്ത് അടുത്ത രണ്ടുമാസത്തേയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി മുഖ്യമന്ത്രിയെ അറിയിച്ചതായി സൂചന. കെഎസ്ഇബി ചെയര്മാന് എന്‍
പ്രശാന്തും ഊര്‍ജ സെക്രട്ടറിയുമാണ് മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാല്‍ ജിഎന്‍എ പ്ലാറ്റ്ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം തത്കാലം ഉണ്ടാവില്ലെന്നാണ് അറിയുന്നത്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഹ്രസ്വകാല കരാറിലേക്ക് പോകണമെന്നതുമായിരുന്നു മുന്‍ കെഎസ്ഇബി ചെയര്മാന് രാജമാണിക്യത്തിന്റെ കുറിപ്പ്.
ഇതിനായി ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാനും കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്. അവര്‍ 14.50 പൈസയ്ക്ക് വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് തുക കുറയ്ക്കണം. അടിയന്തരമായി കരാറില്‍ എത്തിയില്ലെങ്കില്‍ നവംബര്‍ മുതല്‍ പവര്‍കട്ട് അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് സുതാര്യമായ ടെന്‍ഡര്‍ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതികളോ ഇല്ലാതെ ജിഎന്‍എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് വിവാദമായത്.
വൈദ്യുതി വാങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാനിരിക്കെയാണ് രാജമാണിക്യത്തിന് പകരം പുതിയ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റ എന്‍
പ്രശാന്തും ഊര്‍ജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടു വൈദ്യുതിയുടെ നിലവിലെ സ്ഥിതി അറിയിച്ചത്. സംസ്ഥാനത്ത് അടുത്ത രണ്ടുമാസത്തേയ്ക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചത് എന്നാണ് വിവരം. അതിനാല്‍ പുറത്തുനിന്ന് തത്കാലം വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.
ഇതോടെ, വൈദ്യുതിക്ഷാമമെന്ന മുന്‍ കെഎസ്ഇബി ചെയര്മാന് രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മര്‍ദത്തിന് പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധിയില്ലെങ്കില്‍ എന്തിന് ഹിമാചല്‍ വൈദ്യുതിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയെന്നും മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.
















