
കൊയിലാണ്ടി: സേവാഭാരതിയുടെ പുതിയ സംരംഭം സാന്ത്വന സ്പര്‍ശം റിഹാബിലിറ്റേഷന്‍
തെറാപ്പി സെന്റര്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ദേശീയ സേവാഭാരതി
കേരളവും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 7 കാലത്ത് 11ന് കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനു സമീപം വേദവ്യാസ വിദ്യാലയത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അപകടങ്ങള്‍ കൊണ്ടും സ്ട്രോക്ക് മുതലായ അസുഖങ്ങള്‍ കൊണ്ടും തളര്‍ന്നുപോയവര്‍ക്കും വിവിധങ്ങളായ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ആശ്വാസമേകാനും കൈത്താങ്ങായികൂടെയുണ്ട് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ രോഗികള്‍ക്ക് റീഹാബിലിറ്റേഷന്‍ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷന് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി കൗണ്‍സിലിംഗ് തുടങ്ങിയ വിപുലമായ സേവനങ്ങളാണ് കേന്ദ്രത്തില്‍ സൗജന്യമായി ലഭ്യമാക്കുന്നത്. കൊയിലാണ്ടിയില്‍ സേവാഭാരതി കിടപ്പുരോഗികള്‍ക്ക്
വീടുകളിലെത്തി പരിചരണം നല്കുന്ന സുകൃതം വയോജന പരിപാലന പദ്ധതിയുടെ തുടര്‍ച്ചയായാണ് കൂടുതല്‍ സൗകര്യങ്ങളോടുള്ള സാന്തന സ്പര്‍ശം റീഹാബിലിറ്റേഷന്‍ തെറാപ്പി സെന്റര്‍.
തെറാപ്പി സെന്റര്‍ ഉദ്ഘാടനം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന് ജോയിന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി ജയരാജും സാന്തനസ്പര്ശം പദ്ധതി മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്മാന് അനില്‍കുമാര്‍ വള്ളിലും നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ എസ് ഗോപാലകൃഷ്ണന്, വി.എം മോഹനന്, കെ.എം രജി, മോഹനന്കല്യരി, കെ.കെ.മുരളി, അനില്‍കുമാര്‍ അരങ്ങില്‍ എന്നിവര്‍ പങ്കെടുത്തു.
















