ന്യൂഡല്‍ഹി: കാലടി സര്‍വകലാശാല പരീക്ഷാ വിവാദത്തില്‍ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ നേരിട്ട് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. തുടര്‍ന്ന് കേസ് ഹൈക്കോടതി
സിംഗിള്‍ ബെഞ്ചിലേയ്ക്ക് തിരിച്ചയച്ചു
ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരെ 16 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ നേരിട്ടൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തയാറായില്ല. പകരം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ വിഷയം വേഗത്തില്‍ കേട്ട് അന്തിമ തീരുമാനമെടുക്കട്ടെയെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശവും നല്കി. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട ചില അച്ചടക്കങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് സിംഗിള്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മാത്രമായി പ്രത്യേക പരീക്ഷ
നടത്താന്‍ സര്‍വകലാശാല തയാറാകണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറയാന്‍ കാരണമെന്നും ഇത് സര്‍വകലാശാല മനഃപൂര്‍വം ഉണ്ടാക്കിയ സാഹചര്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി വി ദിനേശ് ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍വകലാശാലകളിലെ അച്ചടക്കം പാലിക്കപ്പെടണമെന്നും അറ്റന്‍ഡന്‍സ് കോടതി പരിശോധിക്കണമെന്നുമായിരുന്നു സര്‍വകലാശാലയുടെ വാദം. ഹൈക്കോടതി വിധി വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണെങ്കില്‍ പ്രത്യേക പരീക്ഷ നടത്താമെന്നും സര്‍വകലാശാല സുപ്രീംകോടതിയെ അറിയിച്ചു.
















