കൊച്ചി: ചേരാനല്ലൂരിൽ അപകടത്തിന് കാരണക്കാരനായ 17കാരന്റെ പിതാവും ബെൻസ് കാർ ഉടമയുമായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കണമെന്ന്
പരാതി. മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ ചുമതലയുള്ള അഡി. ജഡ്ജിക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ 199എ പ്രകാരം ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടനാണ് ചേരാനല്ലൂർ പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 499/2026ൽ വാഹനമോടിച്ച ജുവനൈലിന്റെ പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങൾക്ക്
നിയമമനുശാസിക്കുന്ന സാഹചര്യത്തിൽ രക്ഷിതാവിനോ വാഹന ഉടമക്കോ ക്രിമിനൽ ഉത്തരവാദിത്വം ഉണ്ടെന്നും മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിതെന്നും പരാതിയിലുണ്ട്.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നിയമപ്രകാരം ഒരുവർഷത്തേക്ക് റദ്ദാക്കാനും ജുവനൈലിന് 25 വയസാകും വരെ ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്സോ അനുവദിക്കാതിരിക്കാനും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. വാഹനം എങ്ങനെ ജുവനൈലിന്റെ കൈയിലെത്തി? വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ വിവരങ്ങൾ ഇവ അന്വേഷിക്കണമെന്നുമാണ് പരാതി.
















