കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
അറിയിച്ചു.
പരാതി പരിശോധിക്കുന്നതിന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ചീഫ് ഡെന്റല്‍ കണ്‍സള്‍ട്ടന്റ് എന്നിവര്‍ അടങ്ങുന്ന വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ലഭ്യമായ ഒ.പി. രേഖകള്‍, എക്സ്റേ, സമ്മതപത്രം, ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മൊഴികള്‍, പരാതിക്കാരിയുടെ മൊഴി, ഡെന്റല്‍ വിദഗ്ധ അഭിപ്രായം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
ചികിത്സയുടെ ഭാഗമായി നീക്കം ചെയ്യേണ്ടിയിരുന്ന പാല്പല്ലിന്റെ വേരിന്റെ അവശേഷിച്ച
ഭാഗം നീക്കം ചെയ്യുകയും തട്ടി നോക്കുമ്പോള്‍ വേദന അനുഭവപ്പെട്ടിരുന്നതിനാല്‍ ദന്തക്ഷയം ബാധിച്ച സ്ഥിരം പല്ല് എടുക്കുന്നത് മാറ്റിവയ്ക്കുകയും ചെയ്തു. പല്ല് നിലനിര്‍ത്തുന്നതിന് റൂട്ട് കനാല്‍ പോലുള്ള ചികിത്സകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. വിദഗ്ധ സമിതിയുടെ അന്വേഷണത്തിലും തെറ്റായ പല്ല് നീക്കം ചെയ്തതായി കണ്ടെത്തിയിട്ടില്ല. ചികിത്സാപരമായി നീക്കം ചെയ്യേണ്ടിയിരുന്ന പാല്പല്ലിന്റെ അവശേഷിച്ച വേരിന്റെ ഭാഗമാണ് നീക്കം ചെയ്തിട്ടുള്ളത്. 11 വയസ്സുള്ള കുട്ടി ആയതിനാല്‍ ആദ്യത്തെ മോളാര്‍ പല്ല് നിലനിര്‍ത്തുന്നത് ദന്ത ക്രമീകരണം, കൂടിയൊത്തുചേരല് എന്നിവയുടെ സ്ഥിരതയ്ക്കും താടിയെല്ലിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമാണ് എന്ന് സമിതിയിലെ ചീഫ്
ഡെന്റല്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു.
പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഒക്ടോബര്‍ 17-ാം തീയതിയാണ് രക്ഷിതാക്കള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് മരുന്നു നല്‍കുകയും തുടര്‍ന്ന് 22 ന് പല്ലെടുക്കാന്‍ വരാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കുട്ടിയുടെ പല്ലിന്റെ അവസ്ഥയും എക്സറേയുടെ അടിസ്ഥാനത്തില്‍ പാല്പല്ലിന്റെ അവശിഷ്ടം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും സ്ഥിരം പല്ല് മുളച്ച് വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡോക്ടര്‍ വിശദീകരിച്ചിരുന്നു. സ്ഥിരം പല്ലിന് മുന്നിലുണ്ടായിരുന്ന പാല്പല്ലിന്റെ അവശിഷ്ടമായിരുന്നു നീക്കം ചെയ്തത് എന്നും അതിന്റെ അടിയില്‍ സ്ഥിരം പല്ല് മുളച്ചു വരുന്നുണ്ട് എന്നും ഡോക്ടര്‍മാര്‍ പരാതിക്കാരോട് പ്രത്യേകം വിശദീകരിച്ചതായും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
















