
കോഴിക്കോട്: 68-ാമത് കേരള സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നാടൊരുങ്ങിയതായി സംഘാടക സമിതി ചെയര്മാന് എം.എ റസാഖ് മാസ്റ്റര്‍, എംഎല്‍എമാരായ കെ. പ്രവീണ്‍കുമാര്‍, പാറക്കല്‍ അബ്ദുല്ല, വി.കെ ഫൈസല്‍ ബാബു, സ്റ്റേറ്റ് സ്പേര്‍ട്സ് ഓര്‍ഗനൈസര്‍
അജിത് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000 ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000-ലേറെ പേര് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ പങ്കെടുക്കും. കോഴിക്കോട് എന്‍ ഐ ടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കില്‍ ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ആദ്യത്തെ വലിയ കായികമേളയാണിത്.
ഒക്ടോബര്‍ 25-ന് മുഖ്യമന്ത്രി വി.ഡി സതീശന് മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒളിമ്പ്യന്‍ ഡോ. പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും മേളയുടെ
ബ്രാന്‍ഡ് അംബാസഡറുമായ പി.ടി. ഉഷയുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും. നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും മുവ്വായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി ചെയര്മാന് എം.എ. റസാഖ് മാസ്റ്റര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
കായികമേളയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 25-ന് ജനപ്രതിനിധികള്‍ക്കായി (എം.പി,
എം.എല്‍.എ, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍) 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങള്‍, 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലായി മെയിന്‍ ഗ്രൗണ്ടില്‍ നടക്കും.
പത്ത് വേദികളിലായി മത്സരങ്ങള്‍
മേളയുടെ ഭാഗമായി ജില്ലയിലെ പത്ത് വേദികളിലായി വിവിധ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. പ്രധാന ഇനമായ അത്ലറ്റിക്സ് ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍.ഐ.ടി. ക്യാമ്പസില്‍ സംഘടിപ്പിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 താരങ്ങള്‍ മാറ്റുരയ്ക്കും. ഒക്ടോബര്‍ 30ന് ക്രോസ് കണ്ട്രി, ഇന്‍ക്ലൂസീവ് അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും.
ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ ചെവായൂര്‍
പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ആണ്‍കുട്ടികളുടെ ബാസ്കറ്റ്ബോള്‍ സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളിലും നടക്കും. വടംവലി, ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കും.
കരാട്ടെ, വുഷു, സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ കൊടിയത്തൂര്‍ പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടക്കും. യോഗ മത്സരങ്ങള്‍ക്ക് ചാത്തമംഗലം ആര്.ഇ.സി. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും നെറ്റ്ബോള്‍, ത്രോബോള്‍ മത്സരങ്ങള്‍ക്ക് പെരുവയല്‍ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളും വേദിയാകും.















