
ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, എം വി
ഗോവിന്ദൻ, കെ കെ ശൈലജ, വൃന്ദകാരാട്ട്, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ കസ്റ്റഡിയിലെടുത്തു.
പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളം ഹൗസിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന്
പറഞ്ഞ് സിപിഎം നേതാക്കളെ വലിച്ചിഴച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. പൊലീസ് ആക്രമണത്തിൽ പി കെ ശ്രീമതി തറയിൽ വീണു.
പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ജന്തർ മന്ത്രിലേക്ക് നീങ്ങി. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിലാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവർ ജന്തർ മന്തറിലേക്ക് നടന്നുനീങ്ങിയത്. ഇവരെയൊഴികെയുള്ള നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
















