
കൊയിലാണ്ടി: സാന്ത്വന പരിചരണ-ജീവകാരുണ്യ രംഗങ്ങളില്‍ മാതൃകാപരമായ സേവനം നടത്തുന്ന ജനകീയ കൂട്ടായ്മയായ ‘തണല്‍’ കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
‘തണല്‍ ചായ’ എന്ന പേരില്‍ സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ കൊയിലാണ്ടി ബദരിയ്യ കോളജിന് സമീപം മൊയ്തീന്‍ പള്ളി ഗ്രൗണ്ടിലാണ് പരിപാടി.
ഈ സംഗമത്തിന് പുറമെ വരും ദിനങ്ങളില്‍ കൊല്ലം, കുറുവങ്ങാട്, പെരുവട്ടൂര്‍, കാവുംവട്ടം എന്നീ മേഖലകളിലും ‘തണല്‍ ചായ’ സംഗമങ്ങള്‍ സംഘടിപ്പിക്കും.
നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സേവനം നല്‍കുന്ന തണല്‍ ഡയാലിസിസ് സെന്റര്‍, പക്ഷാഘാതവും അപകടങ്ങളും മൂലം തളര്‍ന്നുപോയവരെ
സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഫിസിയോതെറാപ്പി സെന്റര്‍, വൃക്കരോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സൗജന്യ പരിശോധനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന കിഡ്‌നി കെയര്‍ ക്ലിനിക്ക്, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമായി വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന തണല്‍ ഫാര്‍മസി തുടങ്ങിയ നിരവധി ജീവകാരുണ്യ പദ്ധതികള്‍ തണലിന്റെ കീഴില്‍ കൊയിലാണ്ടിയില്‍ വിജയകരമായി നടന്നു വരുന്നുണ്ട്.
ഇവയ്ക്ക് പുറമെ, ‘തണല്‍ ലൈഫ് പ്രോജക്റ്റി’ന്റെ ഭാഗമായി, നിര്‍മാണത്തിലിരിക്കുന്ന
സമ്പൂര്‍ണ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പൂര്‍ത്തീകരണത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിഭവസമാഹരണാര്‍ഥമാണ് ‘തണല്‍ ചായ’ സംഘടിപ്പിക്കുന്നത്.
ഒരു ചായ കുടിച്ചുകൊണ്ട് വലിയൊരു ജീവകാരുണ്യ ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഏവര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങുന്നു. ഈ മഹത്തായ ഉദ്യമത്തിലേക്ക് മുഴുവന്‍ പൊതുജനങ്ങളും കുടുംബസമേതം പങ്കെടുത്തു പരിപാടികള്‍ വന്‍വിജയമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീക്ക് കൂട്ടുമ്മുഖം, അഹമ്മദ് ടോപ്‌ഫോം, എ.അസീസ്, ബി.വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.
















