
പാലക്കാട്: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ദില്‍രാജ് (16) ആണ് മരിച്ചത്. തോട്ടര എല്‍പി സ്‌കൂളിന്
സമീപം കോട്ടയില്‍ രാജന്‍-ദീപ ദമ്പതികളുടെ മകനാണ് ദില്‍രാജ്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ദില്‍രാജ് സുഹൃത്തുക്കള്‍ക്കൊപ്പം കരിമ്പുഴയിലെ ടര്‍ഫില്‍ കളിക്കാന്‍ പോകാറുണ്ടായിരുന്നു.
ഇന്നലെ ടര്‍ഫിലെത്തി കളി തുടങ്ങി അഞ്ച് മിനിട്ടിന് ശേഷം ദില്‍രാജ് തലകറങ്ങി വീഴുകയായിരുന്നു. കാല്‍ തട്ടി വീണുവെന്നാണ് സുഹൃത്തുക്കള്‍ ആദ്യം കരുതിയത്. മുഖത്ത് വെള്ളം തളിച്ചെങ്കിലും ബോധം വന്നില്ല. തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
















