പത്തനംതിട്ട: മാസപ്പടി കേസില്‍ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍
മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗല്‍ ഒപ്പീനിയന്‍ തേടിയത്.
മുഖ്യമന്ത്രി വിഡി സതീശനും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇ.ഡി വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇല്ല. വിഷയം സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ. അടൂര്‍ സ്വദേശിയായ ദളിത് യുവാവിന് പൊലീസ് മര്‍ദനമേറ്റുവെന്ന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകും. ശാസ്താംകോട്ട പൊലീസിനെതിരായ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,
മകള്‍ ടി.വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കാമെന്ന് ഇന്നലെയാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. ഇ.ഡി നല്‍കിയ കത്തില്‍ മതിയായ തെളിവുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. വേണ്ടത്ര തെളിവില്ലെങ്കില്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണം. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് കൈമാറിയത് കണക്കിലെടുത്താണ് പൊലീസ് നിയമോപദേശം തേടിയത്.
















