
വടകര: മലബാറിന്റെ ഓണാഘോഷങ്ങള്‍ക്ക് തെക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമ പകര്‍ന്ന് ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്. കടത്തനാടിന് അധികം
സുപരിചിതമല്ലാത്ത ‘തൃക്കാക്കരയപ്പന്‍’ ഇത്തവണത്തെ ഓണത്തിന് സര്‍ഗാലയയിലൂടെ വിപണിയിലെത്തുന്നു.
അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ പൂക്കളത്തോടൊപ്പം പൂജിക്കാനായി മണ്ണിലോ തടിയിലോ നിര്‍മിക്കുന്ന പ്രത്യേക രൂപങ്ങളാണ് തൃക്കാക്കരയപ്പന്‍ അഥവാ
ഓണത്തപ്പന്‍.
നാല് വശങ്ങളുള്ള പിരമിഡ് ആകൃതിയില്‍, മുകള്‍ഭാഗത്ത് പൂക്കള്‍ അര്‍പ്പിക്കാന്‍ പ്രത്യേക ദ്വാരത്തോടെയാണ് ഇത് തയ്യാറാക്കുന്നത്.
സര്‍ഗാലയയിലെ കലാകാരനായ മണിയൂര്‍ എളമ്പിലാട് സ്വദേശി എ.കെ. അരുണ്‍ കളിമണ്ണില്‍ നിര്‍മ്മിച്ച്, ചൂളയില്‍ ചുട്ടെടുത്താണ് ഇവ രൂപകല്‍പ്പന ചെയ്തത്.
വിവിധ വലുപ്പത്തിലുള്ള മൂന്ന് തൃക്കാക്കരയപ്പന്‍മാര്‍ അടങ്ങുന്ന ഒരു സെറ്റിന് 350 രൂപയാണ് വില.
ദൂരസ്ഥലങ്ങളിലേക്ക് കൊറിയര്‍ വഴി അയക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള
എളുപ്പത്തിനായി ചെറിയ വലുപ്പത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.
തൃക്കാക്കരയപ്പന് പുറമെ വിപുലമായ ഓണാഘോഷ പരിപാടികളാണ് സര്‍ഗാലയയില്‍ ഒരുക്കിയിട്ടുള്ളത്. കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമായി പ്രത്യേക ഓണം പാക്കേജുകളും ലഭ്യമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ അണിനിരക്കുന്ന ‘ഗാന്ധി ശില്‍പ് ബസാര്‍’ പ്രദര്‍ശനവും ഓഗസ്റ്റ് 24 വരെ സര്‍ഗാലയയില്‍ തുടരും.
-ബിജിത്ത് പുരമുറ്റത്ത്
















