തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല. മഴക്കെടുതിയില്‍ കഴിഞ്ഞദിവസം കോട്ടയത്ത് ഒരാൾ മരിച്ചു. തിരുവാർപ്പ് സ്വദേശി
ബിൻസ് വർഗീസാണ് (52) മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവർ 30 ആയി.
രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ
മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും കനത്തത്. മഴയുടെ ശക്തി മറ്റന്നാളോടെ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
















