
വടകര: ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വടകര നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പരിഷ്‌കരണവുമായി
അധികൃതര്‍. കെ.കെ.രമ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാം കൈക്കൊണ്ടത്. കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അധ്യക്ഷയായ യോഗത്തില്‍ ആര്‍ഡിഒ കെ.കെ.പ്രസീല്‍, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍, വ്യാപാരി, ബസ് ഉടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരിമ്പനപ്പാലം മുതല്‍ പെരുവാട്ടും താഴ വരെ ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കി വാഹന ഗതാഗതം സര്‍വീസ് റോഡിലൂടെ മാത്രമാക്കും. ദേശീയപാതയില്‍നിന്നു പെരുവാട്ടുംതാഴ വഴി പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിനടിയിലൂടെ കടത്തി
വിടും. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിച്ച് ഇരുവശങ്ങളിലൂടെ മാത്രം വാഹന സര്‍വീസ് നിര്‍ബന്ധമാക്കും.
ലിങ്ക് റോഡില്‍ നിന്നു ജില്ലാ ആശുപത്രി ഭാഗത്തേക്ക് പോകേണ്ടവ ദേശീയ പാതയുടെ മേല്‍പ്പാലത്തിന് അടിയിലൂടെയാണ് പോകേണ്ടത്. കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പോവേണ്ട ബസ്സുകള്‍ പെരുവാട്ടും താഴ വഴി വേണം ഡിപ്പോയിലേക്ക് പോകാന്‍. ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ എന്‍ഐടി പഠനം നടത്തും.
ബസുകള്‍ക്ക് വീണ്ടും ലിങ്ക് റോഡില്‍ പാര്‍ക്കിംഗ്
നേരത്തെ ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ തുടര്‍ന്നും ലിങ്ക് റോഡില്‍ നിന്ന് സര്‍വീസ് നടത്തണമെന്ന തീരുമാനവും യോഗം കൈക്കൊണ്ടു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ലിങ്ക് റോഡിലെ ബസ് സര്‍വീസ് പഴയ സ്റ്റാന്റിലേക്ക് മാറ്റിയിരുന്നു. ഓണം കഴിയുന്നതുവരെ താല്‍ക്കാലികമായാണ്
സര്‍വീസ് ലിങ്ക് റോഡിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശശി, വ്യാപാരി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനത്തില്‍നിന്നു പിന്‍മാറാന്‍ കഴിയില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ. ശശി അറിയിച്ചു. വ്യാപാരി സമൂഹവും ട്രേഡ് യൂണിയനുകളും ബസ് ഉടമകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ലിങ്ക് റോഡില്‍ നിന്നുള്ള ബസ് സര്‍വീസ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയത്. അശാസ്ത്രീയ ദേശീയപാത നിര്‍മാണമാണ് ഗതാഗതക്കുരുക്കിന് കാരണം. ബസുകള്‍ ലിങ്ക് റോഡിലേക്ക് സര്‍വീസ് മാറ്റിയതു കൊണ്ടു മാത്രം പരിഹരിക്കാനാവില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
















