
ന്യൂഡല്‍ഹി: വിദേശത്തേക്ക് കടത്താന്‍ വെച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകള്‍ (ട്രാമഡോള്‍) ഡല്‍ഹിയില്‍ പിടികൂടി. സംഭവത്തില്‍
മലയാളി സൂത്രധാരരുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയില്‍ നിന്നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവില്‍ നിന്നു നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടുന്നതിലെ ഏറ്റവും വലിയ വേട്ടയാണിത്.
ഡല്‍ഹിയിലെ ഒരു വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന
ലഹരിമരുന്നാണ് സിബിഎന്‍ സംഘം പിടിച്ചെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കുന്ന ശക്തമായ വേദനസംഹാരിയായ ട്രാമഡോള്‍, സംഘര്‍ഷ മേഖലകളില്‍ ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കെതിരേയും എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് നടത്തിവരുന്ന ‘ഓപ്പറേഷന്‍ വജ്ര’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വന്‍ ലഹരിവേട്ട നടന്നത്. ജൂലായ് 10-നും 20-നും ഇടയില്‍ ഗ്വാളിയറിലെ സിബിഎന്‍ പ്രിവന്റീവ് സംഘം ബെംഗളൂരു, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലെ ഡിആര്‍ഐ കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ കുടുങ്ങിയത്.
ആഫ്രിക്കന്‍ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റി അയക്കാന്‍ എന്ന വ്യാജേന
രേഖകള്‍ ഉണ്ടാക്കി ലഹരിശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സിബിഎന്‍ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ കൂടുതല്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
















