
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ അത്യന്തം ആവേശം നിറഞ്ഞ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് അര്‍ജന്റീന ഫൈനലിലേക്ക് യോഗ്യത നേടി. അറ്റ്‌ലാന്റയിലെ
മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ പരാജയത്തിന്റെ വക്കില്‍ നിന്നാണ് അര്‍ജന്റീന അവിശ്വസനീയ കുതിപ്പ് കാഴ്ചവെച്ച് വിജയം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫിഫ ലോകകപ്പ് 2026-ന്റെ ഫൈനലില്‍ പ്രവേശിച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള
അര്‍ജന്റീനയുടെ അതിശക്തമായ തിരിച്ചുവരവിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ഇനി ജൂലൈ 19-ന് നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്‌പെയിനിനെ നേരിടും.
മത്സരം ആരംഭിച്ച് ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടും നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി
ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ വേഗതയാര്‍ന്ന കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 55-ാം മിനിറ്റില്‍ അന്തോണി ഗൊര്‍ഡൊന്‍ നേടിയ മനോഹരമായ ഗോളിലൂടെ ഇംഗ്ലണ്ട് മത്സരത്തില്‍ ആദ്യ ലീഡ് സ്വന്തമാക്കി (1-0). ഈ ഗോളോടെ അര്‍ജന്റീന കടുത്ത സമ്മര്‍ദ്ദത്തിലായി. ഏറെ നേരം ഒട്ടേറെ മുന്നേറ്റങ്ങള്‍ അര്‍ജന്റീന കാഴ്ചവെച്ചെങ്കിലും
അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തോല്‍വി മുഖാമുഖം കണ്ടിരിക്കെ അവസാന മിനിറ്റുകളില്‍ അര്‍ജന്റീന ആക്രമണം ശക്തമാക്കുകയായിരുന്നു. ഒടുവില്‍ 85-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്കായി നിര്‍ണായകമായ സമനില ഗോള്‍ നേടി. ലയണല്‍ മെസ്സി നല്‍കിയ പന്തില്‍ ബോക്‌സിനു മുന്നില്‍ മധ്യഭാഗത്തുനിന്ന് എന്‍സോ ഫെര്‍ണാണ്ടസിന്റെ നെടുനീളന്‍ ഷോട്ട് ഇംഗ്ലണ്ട് ഗോള്‍ കീപ്പറെയും മറികടന്ന് വലയില്‍.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, പകരക്കാനായെത്തിയ
ലൗട്ടാറോ മാര്‍ട്ടിനസ് ഇന്‍ജുറി ടൈമില്‍ (90+2′) അര്‍ജന്റീനയുടെ വിജയ ഗോള്‍ സ്വന്തമാക്കുകയായിരുന്നു. ലയണല്‍ മെസി നല്‍കിയ ക്രോസില്‍ ലൗട്ടാറോ മാര്‍ട്ടിനസ് ഹെഡ് ചെയ്ത്‌കൊണ്ട് പന്ത് വലയിലാക്കി. അവസാന മിനുട്ടുകളില്‍ അര്‍ജന്റീന നേടിയ മുന്നേറ്റത്തെ മറികടക്കാന്‍ ഇംഗ്ലണ്ട് ഏറെ പരിശ്രമിച്ചെങ്കിലും പ്രതിരോധ കോട്ട കെട്ടി അര്‍ജന്റീന അതിനെ തടുത്തു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന ടീം ആര്‍പുവിളിച്ച് ആറാടിയപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ നിരാശയിലമര്‍ന്നു.
















