
കൊയിലാണ്ടി: വിശ്വകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഫൈനലില്‍ പ്രവേശിച്ച അര്‍ജന്റീനയുടെ വിജയം ആരാധകര്‍
ആഘോഷമാക്കി. പടക്കം പൊട്ടിച്ചും ബൈക്കുകളില്‍ ചീറിപ്പാഞ്ഞും കൊടി വീശി നൃത്തം ചവിട്ടിയുമൊക്കെയായിരുന്നു ആഘോഷം. തങ്ങളുടെ ടീം കലാശക്കളിയിലേക്ക് കടന്നതില്‍ ആരാധകര്‍ ആനന്ദനൃത്തം ചവിട്ടി.
തത്സമയ സംപ്രേഷണമൊരുക്കിയ കൊയിലാണ്ടി ടൗണ്‍ഹാളിലും മറ്റിടങ്ങളിലും ആഘോഷപൂരമായിരുന്നു. 85 മിനുട്ട് വരെ വീര്‍പടക്കി കണ്ട കളിയുടെ ഗതി മാറ്റിയ ഗോളുകള്‍ ഇംഗ്ലണ്ടിന്റെ നെഞ്ചകം പിളര്‍ക്കുന്നവയായിരുന്നു. എണ്‍പത്തിയഞ്ചാം മിനുട്ടില്‍
എന്‍സോ ഫെര്‍ണാണ്ടസിന്റെ സമനില ഗോള്‍ വന്നപ്പോള്‍ ആരോധകര്‍ ഇളകിമറിഞ്ഞു. ഏഴ് മിനുട്ടിനുള്ളില്‍ വിജയഗോളും വീണതോടെ വിജയാരവത്തിലേക്കായി ആരാധകര്‍. അവസാന നിമിഷത്തെ കളി മികവും മെസിയുടെ അപാര പ്രതിഭാവിലാസവും ആരാധകര്‍ ശരിക്കും ആഘോഷിച്ചു. പലയിടത്തും നേരം വെളുക്കും വരെ ആഘോഷം തുടര്‍ന്നു. ഇനി പത്തൊമ്പതിന് രാത്രിയിലെ കലാശക്കൊട്ട് കാണാനുള്ള കാത്തിരിപ്പിലാണ് അര്‍ജന്റീനയുടെ ആരാധകര്‍
-സുധീര്‍ കൊരയങ്ങാട്
















