
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യവത്കരിക്കില്ലെന്ന് ആരോഗ്യ കുടുബക്ഷേമ ദേവസ്വം മന്ത്രി കെ മുരളീധരന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും
പോരായ്മകളും മനസ്സിലാക്കി അവയെ ശാക്തീകരിക്കുകയും ചികിത്സാ നിലവാരം ഉയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി ഡോ. ജയറാം പണിക്കര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതല കായകല്‍പം പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
ഏറെ പരിമിതികള്‍ക്കിടയിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവ മത്സരിക്കുന്നത് വന്‍കിട സ്വകാര്യ ആശുപത്രികളോടാണ്. ചികിത്സ സൗകര്യങ്ങളുടെ
കാര്യത്തിലും നിലവാരത്തിലും സ്വകാര്യ ആശുപത്രികളോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഇതിനായി പൊതുമേഖല സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവരില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
രോഗികള്‍ ആശുപത്രി വാര്‍ഡിലും വരാന്തയിലും നിലത്തും കിടക്കേണ്ടവരുന്ന അവസ്ഥ ഒഴിവാക്കും. ഇതിനായി ആശുപത്രി വളപ്പിലെ പരമാവധി ഇടങ്ങള്‍ പ്രയോജനപ്പെടുത്തി ഉപയോഗയോഗ്യമാക്കും. ആശുപത്രികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. മാലിന്യ നിര്‍മാര്‍ജനം പോലുള്ള വിഷയങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായുള്ള പരസ്പര സഹായത്തോടെ കാര്യക്ഷമമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണം. സൗകര്യം
കുറവുള്ള ജില്ലകളില്‍ ജോലിചെയ്യേണ്ടി വരുന്നത് ശിക്ഷയായി കാണരുത്. സേവനമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊതു സ്ഥലം മാറ്റങ്ങളില്‍ ഇടപെടില്ലെന്നു മന്ത്രി വ്യക്തമാക്കി.
അഡ്വ. കെ ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, കൗണ്‍സിലര്‍മാരായ വിശ്വനാഥന്‍ പുതുശ്ശേരി, കവിത, നീതു ശിവേഷ്, സ്വപ്ന മനോജ്, സഫ്രി വെള്ളയില്‍, സിദ്ദിഖ് മായനാട്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ജി സജീത്ത്് കുമാര്‍, സൂപ്രണ്ട് ഡോ എം പി ശ്രീജയന്‍, ഡോ അരുണ്‍ പ്രീത്, ഡോ ടി പി അഷ്റഫ്, ഡോ. സൂരജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .
















