
പയ്യോളി: ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും കുഞ്ഞിനും
പരിക്കേറ്റു. തീക്കുനി നടുവിലക്കണ്ടി ജസ്‌നയാണ് (24) മരിച്ചത്. ഭര്‍ത്താവ് കുറ്റ്യാടി കുളങ്ങരത്താഴ ഇല്ലത്ത് ഷംസീറിനും ഒന്നര വയസ്സുള്ള കുഞ്ഞ് ഷെഹസിന്‍ അബ്ദുള്ളയ്ക്കുമാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.15 ഓടെ പയ്യോളി തീര്‍ഥ ഇന്റര്‍നാഷണല്‍ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകില്‍ ടൂറിസ്റ്റ് ബസ്
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്നു തെറിച്ച് വീണ യുവതി ബസിനടിയില്‍പ്പെടുകയായിരുന്നു. തലയിലൂടെ ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റവരെ നന്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















