
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി
ബസുകളില്‍ മാത്രം. നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സൗജന്യ യാത്ര
പ്രഖ്യാപനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
















