
കണ്ണൂര്‍: ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും വര്‍ഗീയതക്കെതിരെ പോരാടിയ വ്യക്തിയാണ് പി. ജയരാജനെന്നു പിണറായി വിജയന്‍. പി ജയരാജന്‍ എഴുതിയ
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മതത്തെയും വര്‍ഗീയതയെയും വേര്‍തിരിച്ചു കാണാന്‍ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
മതബോധം അല്ല മതത്തെ കുറിച്ചുള്ള കപടബോധമാണ്
വര്‍ഗീയത ഉത്പാദിപ്പിക്കുന്നത്. ഹിന്ദുമതവും ഹിന്ദുത്വവും വ്യത്യസ്തമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ പ്രകീര്‍ത്തികപ്പെടുകയല്ല തിരസ്‌കരിക്കപ്പെടുകയാണ് വേണ്ടതെന്നു പിണറായി പറഞ്ഞു, രാഷ്ട്രീയ വര്‍ഗീയ ഇസ്ലാമികതയെ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാവുകളെയും ക്ഷേത്രങ്ങളെയും പഠിച്ച് തയ്യാറാക്കിയ പുസ്തകമാണ് പി ജയരാജന്റേത്. ബ്രാഹ്‌മണ ദേവാലയങ്ങളും ബ്രാഹ്‌മണേതര ദേവാലയങ്ങളും കേരളത്തിലുണ്ട്. കേരളത്തെ ഹിന്ദുവല്‍ക്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. തെരഞ്ഞെടുപ്പില്‍ പോലും അത് ഏതൊക്കെ
വിധത്തില്‍ പ്രതിഫലിച്ചു എന്നത് ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുവെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ക്ഷേത്രത്തിലേക്ക് ജയരാജന്‍ പോയത് വിവാദമാക്കിയെന്നും ഇതിനോട് ചേര്‍ത്തുവെച്ച് കാണേണ്ട കാര്യമാണതെന്നും പിണറായി വ്യക്തമാക്കി.
കണ്ണൂര്‍ എകെജി ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പിണറായി വിജയനില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജൻ എന്നിവർ സംസാരിച്ചു.
















