പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍തോല്‍വി നേരിട്ടിട്ടും പിണറായി വിജയന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ
സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സെക്രട്ടേറിയേറ്റില്‍ ആവശ്യം ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിണറായി വിജയന്‍ പ്രായപരിധിയില്‍ ഇളവ് നേടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിന് എതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. പിണറായി ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും രണ്ടംഗങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രായപരിധിയില്‍ ഇളവുനല്‍കിയത്
മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കാനല്ലെന്നും തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയും ശൈലിയും ശരിയായില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പാര്‍ട്ടിക്ക് അന്യമായി. തോല്‍വിയില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഭരണം പോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. ഇനിയെങ്കിലും തിരുത്താന്‍ തയാറാകണം. മന്ത്രിമാരുടെ പ്രവര്‍ത്തനവും ശരിയായില്ലെന്ന് മന്ത്രിയായിരുന്ന വീണാ ജോര്‍ജും പങ്കെടുത്ത യോഗത്തില്‍ സംസാരിച്ചവര്‍ വിമര്‍ശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. പാര്‍ട്ടിയെ രക്ഷിക്കാന്‍ ചുമതലയുള്ളയാള്‍ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണമുയര്‍ന്നത്. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു.
















