തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഗുരുവായൂര്‍
സന്ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചേര്‍ന്നാണ് ചെന്നിത്തലയെ അനുഗമിക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെ.സി വേണുഗോപാല്‍ ഗ്രൂപ്പും കടുത്ത അതൃപ്തിയിലാണ്. കെസിക്കെതിരെ അസൂത്രിത നീക്കം നടന്നെന്നും ഇത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഗ്രൂപ്പ് അറിയിച്ചു. ഹൈക്കമാന്‍ഡ്
തീരുമാനം അറിയിച്ചത് അവസാനമാണ്. സതീശന് അനുകൂലമായ തീരുമാനമാണെങ്കില്‍ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു എന്നതടക്കം കെസി പക്ഷം ആരോപിക്കുന്നുണ്ട്. ചില നേതാക്കള്‍ പരസ്യമായി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.കെസിക്കെതിരെ സംഘടിത ആക്രമണം നടന്നെന്നും അതിന് പിന്നില്‍ ആരാണന്ന് കണ്ടെത്തണമെന്ന് നിയുക്ത എംഎല്‍എ പഴകുളം മധു ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് മുഖ്യമന്ത്രി പ്രഖ്യാപനമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.പ്രഖ്യാപനം വന്നതോടെ കെസി ഗ്രൂപ്പിന്റെ നീക്കം നിര്‍ണായകമാകും. മുഖ്യമന്ത്രി കസേരയ്ക്കായുള്ള
വടംവലിയില്‍ അവസാന നിമിഷം പിന്തള്ളപ്പെട്ടതിന്റെ നിരാശയിലാണെങ്കിലും സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ സ്വാധീനം നിലനിര്‍ത്താനാകും കെസി വേണുഗോപാല്‍ ഇനി ശ്രമിക്കുക. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ അക്കാര്യത്തില്‍ കെ.സിക്ക് നിര്‍ണായക റോള്‍ ഉണ്ടാകും. ഇക്കാര്യം അറിയാവുന്ന വി.ഡി.സതീശന്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ വേണുഗോപാല്‍ നേരിട്ട് എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
















