
കൊച്ചി: മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ബെന്നി ബഹനാൽ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. വിഡി സതീശനെ തന്നെ
മുഖ്യമന്ത്രിയാക്കണമെന്നും അവർ ബെന്നി ബഹനാനോട് ആവശ്യപ്പെട്ടു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു സ്വകാര്യ പരിപാടിക്കെത്തിയപ്പോഴാണ് എംപിയെ പ്രവർത്തകർ തടഞ്ഞത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ബെന്നി ബഹനാൻ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ച പ്രവർത്തകർ വിഡി സതീശന് എംപിമാർ പൂർണ്ണ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. തീരുമാനം സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ
പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അതേസമയം, പെരുമ്പാവൂരിൽ പ്രവർത്തകർ തടഞ്ഞു എന്ന വാർത്ത നിഷേധിച്ച് ബെന്നി ബെഹനാൻ രംഗത്തെത്തി. മൂന്ന് ദിവസം മുൻപ് നടന്ന ഒരു സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. തന്നെ ആരും തടഞ്ഞിട്ടില്ലെന്നും ഒരു കല്യാണ വീട്ടിൽ വച്ച് പരിചയമുള്ള കോൺഗ്രസ് പ്രവർത്തകർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
















