കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള
വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അത്തരം പ്രശ്നങ്ങള്‍ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും പി ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പങ്കുവെച്ച് കൊണ്ടുള്ള ജയരാജന്റെ കുറിപ്പ്.
‘ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട
പാഠഭാഗങ്ങളുണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടും. തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയ നിരാശയില്‍ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിലയുണ്ട്. പാര്‍ട്ടി അനുഭാവികള്‍ അത്തരം അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുകയാണ് വേണ്ടത്. പാര്‍ട്ടി അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സിപിഎം. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും പുന്നപ്ര വയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള നമ്മുടെ പാര്‍ട്ടി ഏത്
പ്രതിസന്ധിയെയും അതിജീവിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിര്‍ത്തിക്കൊണ്ടുള്ള പോരാട്ടം തുടരും.’ നാം അതിജീവിക്കുക തന്നെ ചെയ്യും…..’- പി.ജയരാജന്‍ കുറിച്ചു.
പി.ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം















