പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും
മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല.
ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല് എല്ലാവരും ഇൻഡക്ഷൻ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു.
കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കനത്ത ചൂടിനിടെ ഗ്രാമ-നഗര ഭേദമില്ലാതെ പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്.
വെെദ്യുതി ഉപയോഗം ഉയർന്നതോടെ സംസ്ഥാനത്ത് പലയിടത്തും അപ്രഖ്യാപിത ലോഡ്
ഷെഡിംഗ് വ്യാപകമാണെന്ന് പരാതികൾ ഉയരുന്നുണ്ട്. രാത്രി 15 മിനിട്ട് വീതം പലതവണ വെെദ്യുതി മുടങ്ങുന്നുണ്ട് എന്നാണ് ആക്ഷേപം.
അതേസമയം, കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വേനൽ മഴ കുറഞ്ഞതും കനത്ത ചൂടിൽ ഉത്പാദനം കൂടിയതുമാണ് കാരണം. ഈ നില തുടർന്നാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയർന്ന നിരക്കിൽ പുറത്തുനിന്ന് കൂടുതൽ വാങ്ങേണ്ടി വരും. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വർഷം 41 ശതമാനമുണ്ടായിരുന്നു. 1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
















