വടകര: കൂടിയാലോചനകളില്ലാതെ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണമാണ് വടകരയില്‍ ഗതാഗത കുരുക്കിന് കാരണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. നാഷണല്‍
ഹൈവേ പ്രവൃത്തിയോടനുബന്ധിച്ച് നേരെത്തെ ഉയര്‍ന്നുവന്ന ആവശ്യമായിരുന്നു സര്‍വീസ് റോഡുകളുടെ ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്തു പ്രശ്‌നപരിഹാരമുണ്ടാക്കിത്തരണമെന്ന്. സ്ഥലം എംപി, എംഎല്‍എ, ആര്‍ഡിഒ എന്നിവര്‍ ഇടപെടലുകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹാരമാവാതെ കിടക്കുകയാണ്. മഴ തുടങ്ങുന്നതോടെ കുരുക്ക് സങ്കീര്‍ണമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍വീസ് റോഡുകളുടെ പ്രവൃത്തി തീരുന്നതുവരെ എല്ലാ പോക്കറ്റ് റോഡുകളിലേയും വണ്‍വേ ഒഴിവാക്കിയുള്ള പരീക്ഷണമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. അത് കുരുക്കിന് തെല്ലൊരു പരിഹാരവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കിയ പരിഷ്‌കരണം വ്യാപാരമേഖലയേയും ഓട്ടോ, ടൂ വീലര്‍ വാഹനങ്ങളേയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ആയതിനാല്‍ ഹൈവേ ജോലി വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഉടനടി ഇടപെടണമെന്നും കൂടിയാലോചനകളിലുടെ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നും വടകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എം.അബ്ദുല്‍സലാം, ജനറല്‍ സെക്രട്ടറി മജീഷ്.എം.പി, രതീശന്‍.പി.കെ, രഞ്ജിത്ത് കല്ലാട്ട്, മുഹമ്മദലി.വി.കെ, സുരേന്ദ്രന്‍.ഒ.കെ, അമല്‍ അശോക്, അജിത്.കെ.കെ, സുധീര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.















