
കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ ‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ
പ്രധാന പ്രതികളെ നോയിഡയില്‍ വച്ച് അതിസാഹസികമായി കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.നിധിന്‍രാജിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്‌ഐ മിഥുന്‍.എസ്.വിയുടെ നേതൃത്വത്തില്‍ സിപിഒമാരായ സുനില്‍.കെ, ദിജിന്‍ രാജ്.പി.കെ എന്നിവരാണ് നോയിഡയില്‍ വച്ച് പ്രതികളെ പിടികൂടിയത്. നിതിന്‍ രാജിന്റെ അധ്യാപിക നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. നിതിന്‍ രാജ് ലോണ്‍ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റഫറന്‍സ് എന്ന രീതിയില്‍ നല്‍കിയിരുന്ന ടീച്ചറുടെ ഫോണ്‍ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കില്‍ ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഒരു മണിക്കൂറില്‍ തന്നെ നിരവധി കോളുകള്‍ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പര്‍ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളില്‍ നിന്നും ശല്യം തുടര്‍ന്നു. പ്രതികള്‍ കോണ്‍ടാക്ട് ചെയ്ത നമ്പറുകള്‍ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നോയിഡയിലുണ്ടെന്ന് മനസ്സിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു. വലിയ നഗരമായതിനാല്‍ പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള
പോലീസിന്റെ മികവാര്‍ന്ന അന്വേഷണത്തില്‍ പ്രതികള്‍ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്താന്‍ സാധിച്ചു. ഒരു ഐടി പാര്‍ക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിന് പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.















