നാദാപുരം: നാദാപുരം മേഖലയില്‍ കൊട്ടിക്കലാശം വാര്‍ഡുകളില്‍ മാത്രമാക്കാന്‍ ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നാദാപുരം, വളയം, കുറ്റ്യാടി,
തൊട്ടില്‍പാലം പോലീസ് സ്റ്റേഷന് പരിധികളില്‍ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കും. പ്രചരണ വാഹനങ്ങളില്‍ ഡിജെ മ്യൂസിക് പോലുള്ളവ ഉപയോഗിച്ചാലും മുന്‍കൂര്‍ അനുവാദം ഇല്ലാത്ത വാഹനങ്ങളില്‍ പ്രചരണം നടത്തിയാലും നടപടി സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്നതും വോട്ട് ക്യാന്‍വാസ് ചെയ്യുന്നതും വാഹനങ്ങള്‍ പ്രവേശിക്കുന്നതും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്നും
ഡിവൈഎസ്പി കെ.ജി.പ്രവീണ്‍ കുമാര്‍ നിര്‍ദേശം നല്കി.
യോഗത്തില്‍ ഡിവൈഎസ്പി അധ്യക്ഷത വഹിച്ചു. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായ എം.അനില്‍ , കെ.ഷാജു, എം.പി.ഷാജി, മഹേഷ് കെ നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി പി ചാത്തു, വി വി മുഹമ്മദലി, അഡ്വ.എ സജീവന്, പി സുരേഷ് ബാബു, വത്സരാജ് മണലാട്ട്, എം പി ജാഫര്‍, വി.പി കുഞ്ഞികൃഷ്ണന്, കരിമ്പില്‍ ദിവാകരന്, പി പി അശോകന്, കെജി ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
















