
കൊയിലാണ്ടി: ഭക്തിയിലാറാടിയാണ് വലിയ വിളക്കിന് പര്യവസാനമായത്. പുലര്‍ച്ചെ ഭക്തിസാന്ദ്രമായി വാളകം കൂടി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി ദര്‍ശിക്കാന്‍
ഭക്തജനങ്ങള്‍ ഒഴുകിയെത്തി. രാത്രി സ്വര്‍ണനെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് പ്രധാന നാന്ദകം, ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു. ഡോ.ശുകപുരം ദിലീപിന്റെയും കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാരുടെയും നേതൃത്വത്തില്‍ രണ്ട് പന്തി മേളം ഭക്തരെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് എത്തിച്ചു.
ഇന്നാണ് (വെള്ളി) കാളിയാട്ടം. രാവിലെ ഓട്ടന്‍ തുള്ളലിലും തുടര്‍ന്ന് ദേവസങ്കീര്‍ത്തനം ഭജനയിലും ഭക്തര്‍ അലിഞ്ഞു. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും
തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാത്രിയാണ് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് പ്രധാനനാന്ദകം പുറത്തെഴുന്നള്ളിച്ച് പാലച്ചുവട്ടിലേക്ക് നീങ്ങും. ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം നീലേശ്വരം പ്രവീണ്‍ പിഷാരടിയുടെ നേതൃത്വത്തില്‍ പാണ്ടിമേളം ഒരുക്കും. കിഴക്കെ നടയിലൂടെ ഊരു ചുറ്റി തിരിച്ച് പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനു ശേഷം രാത്രി 11.30 നും 12 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ വാളകം കൂടുന്നതോടെ ഉത്സവത്തിന് സമാപനമാവും.
-സുധീര്‍ കൊരയങ്ങാട്
















