
കൊയിലാണ്ടി: വടകരയിലെയും കൊയിലാണ്ടിയിലെയും ആര്‍ടിഒ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി. ഉച്ചയോടെ ഓഫീസ് തകര്‍ക്കുമെന്ന് രണ്ടിടത്തെയും ഓഫീസ്
അധികാരികള്‍ക്കാണ് ഇമെയില്‍ സന്ദേശമെത്തിയത്.
ചെന്നൈയില്‍ നിന്നാണ് സന്ദേശം. ഇത് ലഭിച്ചതിനു പിന്നാലെ ആര്‍ടിഒ ഓഫീസുകളില്‍ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. വടകരയില്‍ ആര്‍ടിഒ ഓഫീസിലെയും സമീപത്തെ ഓഫീസുകളിലെയും ജീവനക്കാരെ മാറ്റി. ഉച്ച ഒന്നേ പത്തോടെ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. സമയം കഴിഞ്ഞിട്ടും
യാതൊന്നും സംഭവിച്ചില്ല. കൊയിലാണ്ടിയിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉള്‍പെടെയുള്ള പോലീസ് സംഘം ഓഫീസിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണി സംബന്ധിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
















