കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവം മേള പ്രപഞ്ചം തീര്‍ക്കുന്നു. ക്ഷേത്രവും പരിസരവും മേള പെരുക്കത്തില്‍ ലയിക്കുകയാണ്. വിവിധ
ദിവസങ്ങളിലായി പ്രശസ്ത വാദ്യകലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, വെളുത്തുതുരുത്തി ഉണ്ണി നായര്‍, പോരൂര്‍ ഹരിദാസ്, ഇരിങ്ങാപ്പുറം ബാബു, ചൊവ്വല്ലൂര്‍ മോഹനവാര്യര്‍, നീലേശ്വരം പ്രമോദ് വാര്യര്‍, മട്ടന്നൂര്‍ ശ്രീകാന്ത്, മണ്ണാര്‍ക്കാട് മോഹന്‍ ദാസ് എന്നിവര്‍ മേള പ്രമാണിമാരായ കാഴ്ചശീവേലികള്‍ ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. ഭക്തിക്കൊപ്പം മേളത്തിന്റെ ലയം ഏവരേയും ആനന്ദനിവൃതിയിലാഴ്ത്തി. ഇതോടൊപ്പം സദനം ജിതിന്, നീലേശ്വരം പ്രവീണ്‍ പിഷാരടി, ചെറുതാഴം ചന്ദ്രന് മാരാരുടെ തായമ്പക, ആലങ്ങോട് സന്തോഷ്, അശോക്.ജി മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക എന്നിവ ഭക്തജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി. ഇന്നു കാലത്ത് ആധ്യാത്മിക പ്രഭാഷണവും വൈകീട്ട് പിന്നണി ഗായകരായ ആര്യനന്ദ.ആര്.ബാബു, അരവിന്ദ് എന്നിവര്‍ നയിച്ച ഗാനമേളയും അരങ്ങേറി. നാളെ (ചൊവ്വ) കാലത്ത് വാദ്യകലാരത്നം തൃപ്പങ്ങോട്ട് പരമേശ്വരമാരാരുടെ മേള പ്രമാണത്തിലും വൈകീട്ട് നിയുക്ത തിരുവമ്പാടി മേള പ്രമാണി ചെറുശ്ശേരി കുട്ടന് മാരാരും നയിക്കുന്ന കാഴ്ചശീവേലിയുമുണ്ടാകും. സദനം രാമകൃഷ്ണന്റെ തായമ്പക, വൈഗ വിഷന്‍ തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം ‘ദേവി ചണ്ഡിക’ എന്നിവ അരങ്ങേറും.
-സുധീര്‍ കൊരയങ്ങാട്















