
ബംഗളൂരു: ക്രിക്കറ്റ് ആവേശവുമായി ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. രാത്രി 7.30 മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഖാമുഖം വരുന്നതോടെ ക്രിക്കറ്റിലെ
ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ വഴിയും മൊബൈലില്‍ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം. ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഐപിഎല്ലിന്റെ മുഖമുദ്രയാണെങ്കിലും ഈ വര്‍ഷം ആ പതിവുണ്ടാകില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്,
ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലക്നോ സൂപ്പര്‍ ജയന്റ്സ് എന്നിവയാണ് ടീമുകള്‍.
ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടനചടങ്ങില്ലാതെ തുടങ്ങുന്നു എന്നതാണ് 2026 ഐപിഎല്ലിന്റെ പ്രത്യേകത. 2025 ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടാഘോഷത്തിനിടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആളുകള്‍ക്കു ജീവഹാനി നേരിട്ടിരുന്നു. അതിന്റെ സ്മരണയ്ക്കായാണ് ഇത്തവണ ഉദ്ഘാടന ആഘോഷം വേണ്ടെന്നു വച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ 11
സീറ്റ് എക്കാലവും ഒഴിച്ചിടാനുള്ള ആര്‍സിബിയുടെ തീരുമാനം ഇന്നുമുതല്‍ നടപ്പിലാകും.
പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് 2019 ല്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് മുമ്പ് നിര്‍ത്തിവച്ചിരുന്നു. പിന്നീടുള്ള സീസണുകള്‍ കോവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ തുടങ്ങിയ ഐപിഎല്‍ സീസണ്‍ ഷാരൂഖ് ഖാന്‍, ശ്രേയ ഘോഷാല്‍, ദിഷ പടാനി, കരണ്‍ ഔജ്‌ല തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇത്തവണ ബിസിസിഐ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ്. പ്രൗഢ ഗംഭീരമായ ഒരു ഉദ്ഘാടന പരിപാടി ഉണ്ടാകില്ല, പക്ഷേ
ബിസിസിഐ പകരം ഒരു സമാപന ചടങ്ങ് ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
18 വര്‍ഷത്തെ ചരിത്രത്തില്‍ സുരക്ഷാ ആശങ്കകള്‍, ദേശീയ ദുരന്തങ്ങള്‍, കോവിഡ് 19 പാന്‍ഡെമിക് എന്നിവ കാരണം മുമ്പ് നാല് തവണ ഐപിഎല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നു ആരംഭിക്കുന്ന 2026 സീസണ്‍ ഐപിഎല്ലില്‍ ഫൈനല്‍ ഉള്‍പ്പെടെ 74 മത്സരങ്ങള്‍ അരങ്ങേറും. ഫിക്സ്ചര്‍ അനുസരിച്ച് മേയ് 24നാണ് ലീഗ് റൗണ്ട് അവസാനിക്കുക. ലീഗ് റൗണ്ടില്‍ 70 മത്സരങ്ങള്‍. തുടര്‍ന്ന് പ്ലേ ഓഫ്, ഫൈനല്‍ എന്നീ ഘട്ടങ്ങളിലായി നാല് മത്സരങ്ങള്‍. മേയ് 26 മുതലാണ് പ്ലേ ഓഫ്. ഫൈനല്‍ മേയ് 31ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറും.
















