
നരിപ്പറ്റ: കായിക പ്രേമികളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമാക്കാന്‍ നാട് കൈകോര്‍ക്കുന്നു. നരിപ്പറ്റ പഞ്ചായത്തിലെ 13-ാം വാര്‍ഡായ മണ്ണ്യൂരിലാണ് കളിസ്ഥലം യാഥാര്‍ഥ്യമാകുന്നത്. ഇതിന് വേണ്ട ഫണ്ട് സ്വരൂപിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഒരു സെന്റ് ഭൂമി വാങ്ങുന്നതിന് ആവശ്യമായ തുക നല്‍കുമെന്ന് വാര്‍ഡിലെ താമസക്കാരിയായ
ഹൃദുലക്ഷ്മിയില്‍ ബിന്ദു ടീച്ചര്‍ അറിയിച്ചത് കായിക പ്രേമികള്‍ക്ക് പ്രതീക്ഷയേകി. നാടിന്റെ കായിക വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് തീരുമാനമെന്ന് യോഗം വിലയിരുത്തി. ടീച്ചറെ യോഗം അഭിനന്ദിച്ചു.
കൂടുതല്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി വിപുലമായ സ്വാഗതസംഘത്തിന് നരിപ്പറ്റ സൗത്ത് എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. കളിസ്ഥലം നിര്‍മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരണം , സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കമ്മിറ്റി
നേതൃത്വം നല്‍കും. സ്വാഗതസംഘം ഭാരവാഹികളായി സജിന എം മണ്ണ്യൂര്‍ (ചെയര്‍മാന്‍), ബിജു എന്‍ (കണ്‍വീനര്‍), പി കെ മനോജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വരുംദിവസങ്ങളില്‍ കളി സ്ഥലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്തെ വിവിധ ക്ലബ്ബ് ഭാരവാഹികളും സാംസ്‌കാരിക രംഗത്തെയും വിവിധ രാഷ്ട്രീയകക്ഷികളിലെയും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണ്യൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.
















