
കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കേരളം തുടര്‍ച്ചയായി റെക്കോഡ് ഭേദിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ 2025 ലെ കണക്കു പ്രകാരം 2,58,80,365 സഞ്ചാരികള്‍ കേരളത്തില്‍ എത്തി. 2024 ലെ റെക്കോര്‍ഡ് 2025 തിരുത്തി. 2024 ലേതിനേക്കാള്‍ 28,95,002 സഞ്ചാരികള്‍ അധികം എത്തി. 2024 ല്‍ ആകെ
2,29,85,363 ആയിരുന്നു.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വലിയ കുതിപ്പ്. 2025 ല്‍ 2,50,58,366 ആഭ്യന്തര സഞ്ചാരികള്‍ എത്തി. മുന്‍വര്‍ഷം ഇത് 2,22,46,989 ആയിരുന്നു. 12.46 ശതമാനം അധികം. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 36.3 ശതമാനം അധികം. ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ ഏറ്റവും മുന്നില്‍-4679800. എറണാകുളം (4429899), തിരുവനന്തപുരം (4375846), തൃശൂര്‍ (3124696), വയനാട് (1473710), കോഴിക്കോട് (1469253) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ്
ആഭ്യന്തരസഞ്ചാരികളുടെ വരവില്‍ സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍.
വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ കോവിഡിന് മുന്‍പത്തെ സാഹചര്യത്തിലേക്ക് എത്തുന്നതേയുള്ളു. ലോകത്ത് പല ഇടങ്ങളിലായി നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. 2025 ല്‍ 821999 വിദേശ സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 11.3 ശതമാനം വര്‍ധന. ബ്രിട്ടണ്, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള വരാണ് കൂടുതലായി എത്തുന്നത്. വിദേശ സഞ്ചാരികള്‍ എത്തുന്നതില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടുപിന്നില്‍.
കേരള ടൂറിസം നടത്തിയ ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം
സാധ്യമാക്കാനായത്. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിനു എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികള്‍ ആണ്. വടക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസ സൗകര്യം വര്‍ധിച്ചു. മികച്ച റോഡുകള്‍ ഒരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായത്. ഇത് മലബാറിലെ ടൂറിസം മേഖലക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. വൈകാതെ കേരളം ഒരു ടൂറിസം സ്റ്റേറ്റ് ആയി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.















