ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മിഡില്‍ ഈസ്റ്റില്‍നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കന്‍
രാജ്യങ്ങളില്‍ നിന്നുമായി 60 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കിയതായാണ് പ്രാഥമിക വിവരം. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നതില്‍നിന്ന് ഇന്ത്യ വ്യതിചലിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഓഫറുകള്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ സ്വീകരിക്കുന്നില്ല. മാത്രമല്ല കൂടുതല്‍ കാലത്തേക്ക് അത്തരം വ്യാപാരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ യു.എസുമായി വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഇന്ത്യ റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്താല്‍
പിഴതീരുവ വീണ്ടും ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണിയുണ്ട്. അതേസമയം. ഇന്ത്യ മുഖം തിരിച്ചതോടെ റഷ്യക്ക് ആശ്വാസവുമായി എത്തിയത് ചൈനയാണ്. 2024 നവംബറിന് ശേഷം ഇ.എസ്.പി.ഒ എന്ന റഷ്യന്‍ എണ്ണയുടെ 100 ശതമാനം കയറ്റുമതിയും നടന്നത് ചൈനയിലേക്കാണ്. ചൈനക്ക് ബാരലിന് എഴ് ശതമാനം വീതം ഡിസ്‌കൗണ്ടാണ് റഷ്യ നല്‍കുന്നത്. വെനസ്വേല, ഇറാന്‍ എന്നിവിടങ്ങളില്‍നിന്ന് എണ്ണ ലഭ്യത കുറഞ്ഞതും ചൈനയെ റഷ്യയുമായി അടുപ്പിച്ചു.
















