
വടകര: കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ അനുസ്മരിക്കാനുള്ള ഉദ്യമവുമായി പ്രഭാഷണ പരമ്പരക്ക് വടകരയില്‍ തുടക്കം കുറിക്കുന്നു. ‘ആദരവോടെ’ എന്ന പേരില്‍ വേറിട്ടൊരു സാംസ്‌കാരിക പരിപാടിയാണ്
ആരംഭിക്കുന്നതെന്ന് സംഘാടകരായ വടകര സഹൃദയസംഘം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യപരിപാടിയായി മഹാനായ സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസനെ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍
ആദരിക്കും. എം.ബി.എസിന്റെ ചരമദിനമായ മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം അഞ്ചിന് ടൗണ്‍ഹാളിനു സമീപത്തെ ഗ്രീന്‍പാലസ് ഓഡിറ്റോറിയത്തില്‍ അനുസ്മരണം നടക്കും. എം.ബി.എസുമായി ഹൃദയബന്ധം പുലര്‍ത്തിയ വി.ടി.മുരളി ആ മഹത്തായ ജീവിതത്തെയും സംഗീതത്തെയും പരിചയപ്പെടുത്തും.
സ്വാഗതഭാഷണം, അധ്യക്ഷത, ഉദ്ഘാടനം,
ആശംസാഭാഷണം, കൃതജ്ഞത തുടങ്ങിയ ഔപചാരികതകളില്ലാത്ത നേരിട്ടുള്ള ആശയ സംവാദമാണ് നടക്കുക. ഇത്തരമൊരു ഉദ്യമം ആദ്യമായാണെന്ന് സംഘാടകര്‍ പറഞ്ഞു. തുടര്‍ന്നങ്ങോട്ട് മറ്റ് പ്രതിഭകളെയും അനുസ്മരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വി.ടി.മുരളി, പി.ഹരീന്ദ്രനാഥ്, ടി.പി.റഷീദ്, പി.പി.രാജന്‍, ടി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















