വടകര: ചെമ്മരത്തൂര്‍ കപ്പള്ളി അമ്പലത്തിന് സമീപം വീട് കത്തി നശിച്ചു. ആയുര്‍വേദ ആശുപത്രിക്ക് പിറകിലെ തൈവച്ച പറമ്പത്ത് ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് തീപ്പിടിത്തം ഉണ്ടായത്. അപകട സമയത്ത് ഉടമസ്ഥ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. വീടിന്റെ മുകള്‍
നിലയില്‍ പുക ഉയരുന്നത് കണ്ട അയല്‍വാസി നാട്ടുകാരെയും ഫയര്‍ ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ഓട് മേഞ്ഞ മുകള്‍ നിലയിലെ സീലിങ് ഉള്‍പ്പെടെ കത്തി നശിച്ചു. ടൈല്‍ ചൂടേറ്റ് പൊട്ടിച്ചിതറി. കിടക്ക, അലമാര, വയറിങ് ഉള്‍പ്പെടെ കത്തിനശിച്ചു. ബാഗില്‍ സൂക്ഷിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷൈനേഷ് മൊകേരിയുടെ നേതൃത്വത്തില്‍ റസ്‌ക്യൂ ഓഫീസര്‍മാരായ എം.എം.റിജേഷ് കുമാര്‍, ടി.വി.അഖില്‍, സി.കെ.അര്‍ജുന്‍, അഗേഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
















