
നാദാപുരം: കുടക് വനത്തില്‍ കുടുങ്ങി നാലാംദിവസം രക്ഷപ്പെട്ട നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ പുലര്‍ച്ചെയാണ് നാദാപുരത്തെ
വീട്ടിലെത്തിയത്. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ മാതാപിതാക്കളെ തിരികെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താന്‍ പരിശ്രമിച്ച രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും ശരണ്യ നന്ദി അറിയിച്ചു. ട്രക്കിങ് തുടരുമെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.
ഇന്നലെ വൈകിട്ടോടെയായിരുന്നു ശരണ്യയെ കുടക് വനമേഖലയില്‍ കണ്ടെത്തിയത്. താഴെ
ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ വാര്‍ത്തയായി എന്നറിഞ്ഞത്. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. ആരോടും ഒന്നും പറയാതെയുള്ള ഈ പോക്ക് നിര്‍ത്തണമെന്ന അപേക്ഷയാണ് ശരണ്യയുടെ അച്ഛന്. ഏത് കൊടുങ്കാറ്റിനേയും നേരിടാനുള്ള കരുത്തോടെയാണ് വളര്‍ത്തിയതെന്നാണ് അമ്മയുടെ വാക്കുകള്‍.
വന്യമൃഗങ്ങളുടെ സാന്നിധ്യം ഭയപ്പെടുത്തിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ
പിടിച്ചുനില്‍ക്കുകയായിരുന്നു. ഈ അനുഭവം ട്രക്കിങ്ങിനോടുള്ള താല്‍പ്പര്യം കുറച്ചിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കി. വേനല്‍ച്ചൂട് അവസാനിച്ചതിന് ശേഷം വീണ്ടും പുതിയ യാത്രകള്‍ പോകാനാണ് പ്ലാന്‍.
കര്‍ണാടക വനംവകുപ്പിന്റെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ ശരണ്യയെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി മടിക്കേരിയില്‍ നിന്ന് നാദാപുരത്തെ
വീട്ടിലെത്തിയിരുന്നു.
വ്യാഴാഴ്ചയാണ് കൊച്ചിയില്‍ ഐടി ഉദ്യോഗസ്ഥയായ ശരണ്യ കുടകിലെ തടിയന്റമോള് കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തെരച്ചില്‍ ആരംഭിച്ചത്. നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്താനായത്.
















