
കൊയിലാണ്ടി: കത്തുന്ന മീനച്ചൂടിലും ഉല്‍സവ ലഹരിയിലാണ് പിഷാരികാവ്. വലിയവിളക്ക് ദിവസമായ ഇന്ന് അവകാശ വരവുകളും വസൂരിമാലവരവും രാത്രിയിലെ പുറത്തെഴുന്നള്ളിപ്പും നാടിനെ ഭക്തിയിലാറാടിക്കുകയാണ്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഒട്ടേറെ പേരെത്തി. കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ മേളപ്രമാണത്തിലായിരുന്നു
കാഴ്ചശീവേലി. മേളപ്പെരുക്കത്തിനു പിന്നാലെ മന്ദമംഗലത്തു നിന്ന് ഇളനീര് കുലവരവും വസൂരിമാലവരവും ക്ഷേത്രത്തില്‍ എത്തി.
താലപ്പൊലി, മുത്തുക്കുടകള്‍, കേരളവേഷം ധരിച്ച അമ്മമാര്‍ തുടങ്ങി താളവാദ്യമേമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വസൂരിമാല വരവ്.
വസൂരിമാല വരവിന് പിന്നിലെ ഐതിഹ്യം
എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ദമംഗലം പ്രദേശം മുഴുവന്‍ മാരകമായ വസൂരി രോഗത്തിന്റെ പിടിയിലായിരുന്നു. രോഗശാന്തി തേടി ഇവിടത്തുകാര്‍ നാട്ടുമൂപ്പനായ പറമ്പില്‍ കേളുവിന്റെ വീട്ടിലെത്തിച്ചേരുകയും ദേവിയോട് പ്രാര്‍ഥിക്കുകയും ചെയ്തു. പ്രദേശത്തുനിന്നു വസൂരി
രോഗം വിട്ടുപോയാല്‍ എല്ലാവര്ക്കും ഇവിടെനിന്നു വസൂരിയുടെ വണ്ണത്തിലുള്ള സ്വര്‍ണമണി നേര്‍ച്ചയായി നേരാമെന്നായിരുന്നു പ്രാര്‍ഥന. ഈ രോഗം മാറിയാല്‍ എല്ലാവര്‍ഷവും വസൂരിമാലയില്‍ സ്വര്‍ണ മണി അധികമായി ചേര്‍ക്കുമെന്നും പറഞ്ഞു. രോഗം മാറുകയും നേര്‍ച്ച പറഞ്ഞത് പ്രകാരം ഭക്തര്‍ എല്ലാവര്‍ഷവും ദേവിയ്ക്ക് വസൂരിമാലയുമായി പിഷാരികാവില്‍ എത്തുകയും ചെയ്യുന്നു.
ഇന്ന് 110 പവനോളം വരും ദേവിയുടെ വസൂരിമാല. ഒരു പണത്തൂക്കമുള്ള മണികളാണ് വസൂരിമാലയില്‍ കൂട്ടിച്ചേര്‍ക്കുക. ഇത് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നതാണ്. പിഷാരികാവില്‍ നിത്യവും ദേവിയെ അണിയിക്കുന്ന ആഭരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ വസൂരിമാല. കാളിയാട്ട വിളക്ക് തുടങ്ങിയാല്‍ സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി
ഭാരവാഹികള്‍ പിഷാരികാവിലെത്തി ഈ മാല രജിസ്റ്ററില്‍ ഒപ്പുവെച്ച് കൈപ്പറ്റുകയും വലിയ വിളക്ക് ദിവസം ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.
മന്ദമംഗലം സ്വാമിയാര് കാവ് ക്ഷേത്രത്തില്‍ നിന്നാണ് വസൂരിമാല വരവ് പുറപ്പെടുക. പിഷാരികാവിലേക്കുള്ള വഴിയിലെ വീടുകളില്‍ നിന്നുള്ളവര്‍ വസൂരിമാല വരവിനൊപ്പം ചേര്‍ന്ന് നൂറുകണക്കിനാളുകള്‍ അണിനിരക്കുന്ന ആഘോഷവരവായാണ് ക്ഷേത്രത്തിലെത്തുക.
ക്ഷേത്രം ഭക്തജന സാഗരമാവും
ഇന്ന് വൈകീട്ട് മൂന്നു മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, തിരുവായുധം വരവ്, അവകാശവരവുകള്‍ എന്നിവ എത്തുമ്പോഴേക്കും ക്ഷേത്രം ഭക്തജന
സാഗരമാവും. വൈകീട്ട് കാഴ്ചശീവേലിക്ക് ശുകപുരം ദിലീപ് മേളപ്രമാണിയാവും. രാത്രി 7 മണിക്ക് ഇന്‍സ്ട്രുമെന്റെ ലൈവ് ഉണ്ടായിരിക്കും. രാത്രി 11 മണിക്ക് സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. കല്ലൂര്‍ ജയന്, ശുകപുരം രഞ്ജിത്ത്, പനമണ്ണ മനോഹരന്, വിനയന് കൊയിലാണ്ടി, നിഖില്‍ കൊളപ്പുറത്ത്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്, കലാമണ്ഡലം രതീഷ് തുടങ്ങി 150 ല്‍പ്പരം വാദ്യകലാകാരന്മാര് അണിനിരക്കുന്ന രണ്ട് പന്തി മേളത്തോടെയാണ് പുറത്തെഴുന്നള്ളിക്കുക. ഒന്നാം പന്തിക്ക് ഡോ.ശുകപുരം ദിലീപ് മേളപ്രമാണിയാവും. രണ്ടാം പന്തിയില്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാരുടെ മേളപ്രമാണത്തില്‍ വാദ്യ വിസ്മയം തീര്‍ക്കും.
-സുധീര്‍ കൊരയങ്ങാട്
















