ഓര്‍ക്കാട്ടേരി: കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറേണ്ടത് അനിവാര്യമാണെന്ന് ആര്‍ജെഡി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്
തേജസ്വി യാദവ്. വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്കരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വന്നത് കേവലം തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. എല്‍ഡിഎഫ് സര്‍ക്കാറിന്റെ വികസനം നേരില്‍കണ്ട് മനസ്സിലാക്കാനും കൂടിയാണ്. ബീഹാര്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പോലും 10 വര്‍ഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെയും മഹാമാരി കാലത്ത് ജനങ്ങളെ ചേര്‍ത്തുപിടിച്ച് സംരക്ഷിച്ച മാതൃകയും ചര്‍ച്ച ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് മൂന്നാം സര്‍ക്കാര്‍
അധികാരത്തിലേറേണ്ടത് അനിവാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.കെ.ഭാസ്കരനെ റാന്തല്‍ അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളത്തിലെ ക്ഷേമ പെന്ഷന് 3500 രൂപ യാക്കി ഉയര്‍ത്തണമെന്ന് തന്നെയാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതിനാല്‍ കേരളം ലോകത്തിന്റെ
നിറുകയിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതക്ക് തുരങ്കം വച്ച ആളാണ് വി.ഡി.സതീശനെന്നും സതീശന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് പാത യാഥാര്‍ഥ്യമാക്കാന്‍ കെല്‍പ്പുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകര മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ മനയത്ത് ചന്ദ്രന് അധ്യക്ഷനായി. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍, ഡോക്ടര്‍ വര്‍ഗീസ് ജോര്‍ജ്, സ്ഥാനാര്‍ഥി എം.കെ.ഭാസ്കരന്, അനു ചാക്കോ, സി.ഭാസ്കരന്, ടി.പി.ബിനീഷ്, കെ.കെ.കൃഷ്ണന്, ടി.പി.ഗോപാലന്, കെ.പി.ദാമോദരന്‍, പി.കെ.കുഞ്ഞിക്കണ്ണന്, ബാലകൃഷ്ണന്, ഇ.പ്രദീപ് കുമാര്‍, പി.കെ.സന്തോഷ്, എന്‍.എം.ബിജു, ടി.എന്‍.കെ.ശശീന്ദ്രന്, പി.പി.രാജന് എന്നിവര്‍ സംസാരിച്ചു.















