വടകര: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും അതിന്റെ പ്രതിഫലനം
വടകരയിലുമുണ്ടാവുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ.ദിലീപ്. വടകരയില്‍ കുറേ വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ വടകരയുടെ വികസന സാധ്യതകളെ കാണാതെ പോവുകയാണെന്നും മോദിയോടുള്ള പ്രിയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വടകര പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ കെ.ദിലീപ് പറഞ്ഞു. ചോമ്പാല്‍ ഹാര്‍ബറിന്റെ ശോചനീയാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. കുരിയാടി മേഖലയില്‍ നിന്നുള്ള മത്സ്യപ്രവര്ത്തകരാണ് കൂടുതലായും ചോമ്പാല ഹാര്‍ബറുമായി ബന്ധപ്പെടുന്നത്. കുരിയാടിയില്‍ നിന്നു ചോമ്പാലിലേക്കു നിത്യേനയുള്ള യാത്രചിലവ് മത്സ്യപ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിന് പരിഹാരമായി കുരിയാടിയില്‍ ഫിഷിംഗ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇടപെടലുകള്‍ ബിജെപി നടത്തിയെങ്കിലും വടകര എംഎല്‍എ ആവശ്യമായ പരിഗണന നല്‍കിയില്ല. ദേശീയപാത വികസനവും അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വടകര റെയില്‍വേ സ്റ്റേഷന്
ലോകോത്തര ശ്രേണിയിലേക്ക് മാറ്റിയതും എന്‍ഡിഎ സര്‍ക്കാരാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 2014 മുമ്പേയുള്ള ഇന്ത്യന്‍ രാഷ്ട്രീയം അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു, അതുകൊണ്ട് തന്നെ യുവാക്കള്‍ രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നിന്നിരുന്നു. പക്ഷേ നരേന്ദ്രമോഡി സര്‍ക്കാര്‍ വന്നതിനുശേഷം അഴിമതിമുക്ത ഭരണമാണ് കാഴ്ചവെച്ചത്. ജന്‍ ഔഷധിയിലൂടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാനും കിസാന്‍ സമ്മാന്‍ നിധിയിലൂടെ 26 ലക്ഷം പേര്‍ക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കാനും കഴിഞ്ഞത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഒ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജേഷ് സ്വാഗതവും ട്രഷറര്‍ പി.രാജീവന് നന്ദിയും പറഞ്ഞു.















