
ജറൂസലേം: ഇസ്രയേലിന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. ഇസ്രയേലിലെ തെക്കന്‍ നഗരമായ ഡിമോണയിലും ആരദിലുമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും ആണവ വികിരണമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ്
ഡിമോണയില്‍ മിസൈല്‍ ആക്രമണമുണ്ടായത്.
ഷിമണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. മിസൈല്‍ ആക്രമണത്തില്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ തീപിടുത്തമുണ്ടായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫാല്‍ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങള്‍ക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആണവ
കേന്ദ്രങ്ങള്‍ക്ക് വളരെ അകലെയാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രയേല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈലുകളില്‍ രണ്ടെണ്ണം തകര്‍ക്കാന്‍ ഇസ്രയേല്‍ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഇതാണ് നാശം വിതച്ചത്. ഇവ തടയുന്നതില്‍ ഇസ്രായേല്‍ വ്യോമസേന പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സൈന്യം അറിയിച്ചു. അതേസമയം നതാന്‍സ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാന്‍ പ്രതികരിച്ചു.
















