വേളം: മണിമല നാളികേര പാര്‍ക്ക് ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വഹിച്ചു. അഞ്ചുവര്‍ഷം മുന്‍പ്
കാടുപിടിച്ച് കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു മണിമല നാളികേര പാര്‍ക്ക്. ബിഎംബിസി നിലവാരത്തില്‍ റോഡും ചുറ്റുമതിലും ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെയും നാളികേര പാര്‍ക്കില്‍ സജ്ജമായി. 10000 ത്തിലധികം മരങ്ങള്‍ മുറിച്ചുമാറ്റിയും പാറക്കെട്ടുകള്‍ പൊട്ടിച്ചും വലിയ ഉയരത്തില്‍ മണ്ണ് കട്ട് ചെയ്തുമാണ് പ്രവൃത്തി നടപ്പിലാക്കിയത്. നാളികേര പാര്‍ക്കില്‍ വ്യവസായങ്ങളെ ക്ഷണിക്കാനുള്ള പരസ്യം ഇതിനകം പത്രങ്ങളില്‍ നല്‍കി കഴിഞ്ഞു. കുറ്റ്യാടി തേങ്ങയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാനുള്ള വ്യവസായങ്ങള്‍ ആരംഭിക്കുന്നത് വഴി നാളികേര ഉത്പാദന മേഖലയില്‍ വലിയ ഉണര്‍വാണ് നാളികേര പാര്‍ക്കിലൂടെ പ്രതീക്ഷിക്കുന്നത്. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി ഇതിനകം പത്തിലധികം അപേക്ഷകള്‍ കെഎസ്‌ഐഡിസിക്ക് ലഭിച്ചു. ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് റഹ്മാന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.















