
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകർന്നുവീണത്. പൈറ്റലിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാൻഡ് ചെയ്തു എന്നാണ് യുഎസ്
സെൻട്രൽ കമാൻഡ് അറിയിച്ചത്. വിമാനം തകർന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം അമേരിക്കയ്ക്ക് നഷ്ടമായ നാലാമത്തെ വിമാനമാണിത്. നേരത്തെ മൂന്ന് എഫ്-15 വിമാനങ്ങളാണ് തകർന്നത്. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
















