വടകര: ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ കടത്തനാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ജില്ലാ
ഭരണകൂടത്തിന്റെ അംഗീകാരം. പ്രത്യേക പ്രശംസയും പുരസ്‌കാരവും സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് കോളേജ് പ്രതിനിധികള്‍ക്ക് കൈമാറി. വടകര മേഖലയില്‍ കടത്തനാട് കോളേജ് മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ യുവജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘എപിക് ഓഫ് കോഴിക്കോട്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. പ്രിന്‍സിപ്പാള്‍ ഡോ. കെ.സി.ബബിത, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ വി.എം.രജനി, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ആദിലാല്‍, അളകനന്ദ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സബ് കളക്ടര്‍ ഗൗതം രാജ്, അസിസ്റ്റന്റ് കളക്ടര്‍ മോഹനപ്രിയ, വടകര എഡിഎം അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പസുകളിലെ യുവ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കോളേജ് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു.















