
വടകര: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ തോടന്നൂരിലെ
വീടിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പത്തു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ്
ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നു. വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ഭരണകക്ഷിയുടെ സമ്മര്‍ദ്ദഫലമായാണെന്ന് കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. യുഡിഎഫ് പ്രതിനിധി സംഘം റൂറല്‍ എസ്പിയെ കണ്ടപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നു പ്രതികളെ കുറിച്ച് വ്യക്തമായ
സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി അറസ്റ്റ് വൈകിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് യോഗം തീരുമാനിച്ചു. ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. എടവത്ത്കണ്ടി കുഞ്ഞിരാമന്, സി.വി.ഹമീദ്, വി.കെ.ഇസ്ഹാഖ്, ബവിത്ത്മലോല്‍, സബിത മണക്കുനി, ഡി.പ്രജീഷ്, സുധീഷ് കോമത്ത്, നെടുങ്കുനി രാജന് എന്നിവര്‍ പ്രസംഗിച്ചു.
















